14 Feb 2023

LP സ്കൂളിലേക്ക്, നാലാം ക്ലാസ്സിലേക്ക് ഒരു ഗൃഹാതുര യാത്ര


ഈ യാത്രയിൽ താണ്ടുന്ന ദൂരം - ഒറ്റത്തറ  എന്ന എന്റെ ജന്മഗ്രാമത്തിൽ നിന്നും മലപ്പുറം ശാന്തിതീരം വരെ ഉള്ള അഞ്ചു കിലോമീറ്റർ - ഇവിടെ പ്രസക്തമല്ല. പിന്നിടുന്നത് സമയമാണ്, വർഷങ്ങളാണ്, കൃത്യമായി പറഞ്ഞാൽ  സംവത്സരങ്ങൾ !!

1991 -1996  


AMLP  സ്കൂൾ ഒറ്റത്തറ, ഈ  കൊച്ചു ഗ്രാമത്തിലെ എല്ലാവരുടെയും വിദ്യാഭ്യാസം ആരംഭിക്കുന്നത് ഇവിടെ വെച്ച് ആയിരുന്നു. ഇന്ന് കാണുന്ന പോലെ ഇംഗ്ലീഷ് സ്കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കിട മത്സരങ്ങളും മാർക്കറ്റിങ് പോസ്റ്ററുകളും ഒന്നും തന്നെ അന്ന്  ഇല്ലായിരുന്നത് കൊണ്ട് സമപ്രായക്കാരായ ഒറ്റത്തറയിലെ എല്ലാ കൂട്ടികളും അന്ന് ഒരേ ക്ലാസ്സിൽ ഉണ്ടായിരുന്നു, സഹപാഠികൾ ആയി, ഇന്നിന്റെ ഭാഷയിലെ  ക്ലാസ്സ്‌മേറ്റ്സ്!!


എല്ലാ വർഷത്തെയും പോലെ 1991-92 അധ്യയന വർഷത്തിലും മാതാപിതാക്കളുടെ കൈ പിടിച്ചു AMLPS ൻറെ അക്ഷര മുറ്റത്തു അറിവിന്റെ  ലോകത്തേക്ക്  പിച്ച  വെച്ച് കൊണ്ട് ഒരു കൂട്ടം കുട്ടികൾ എത്തി. തുടർന്ന് 1996  വരെയുള്ള നാലു വര്ഷം ഒരുമിച്ചു കളിച്ചു പഠിച്ചു വളർന്ന അവർ, നാലാം ക്‌ളാസ്സിനു  ശേഷം തുടർ വിദ്യാഭ്യാസത്തിനായി വിവിധ സ്കൂളുകളിലേക്ക് ചേക്കേറി.  


പിന്നീട്  ഉപജീവന മാർഗത്തിനായുള്ള നെട്ടോട്ടമായും കല്യാണത്തിന്റെ രൂപത്തിലും ജീവിതം അവരെ പല പല ദിക്കുകളിലേക്ക് തെറിപ്പിച്ചു. സ്‌കൂളും നാലാം ക്ലാസും ക്രമേണെ കാലം തീർത്ത വിസ്‌മൃതിയിൽ ആണ്ടു.  


2023 ജനുവരി

ഒറ്റത്തറ AMLPS ന്റെ എല്ലാമെല്ലാമായ പ്രിയപ്പെട്ട സുബൈർ മാസ്റ്റർ വിരമിക്കുന്നതുമായി ബന്ധപെട്ടു  പഴയ കാല വിദ്യാർത്ഥികളെ വീണ്ടും സ്കൂൾ അങ്കണത്തിൽ കൊണ്ട് വരാനുള്ള  ശ്രമങ്ങൾ ആരംഭിച്ചു. വളരെ പെട്ടെന്ന് തന്നെ പഴയ ഹാജർ പട്ടിക സംഘടിപ്പിചു 1995-96 നാലാം ക്ലാസ് ബാച്ചും തങ്ങളുടെ സഹപാഠികളെ   തേടിയുള്ള പ്രയാണ൦ തുടങ്ങി. കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ തന്നെ മിക്കവാറും എല്ലാവരുടെയും തന്നെ ഫോൺ നമ്പർ കണ്ടെത്തി.


 അങ്ങനെ എണ്ണിയാലൊതുങ്ങാത്ത വാട്സാപ്പ് ഗ്രൂപ്പുകളുളുടെ ഗണത്തിലേക്ക് ഒരെണ്ണം കൂടി പിറവിയെടുത്തു. വര്ഷങ്ങള്ക്കു മുമ്പ് അറ്റു പോയ ബാല്യകാല സൗഹൃദ കണ്ണികൾ, ടെക്സ്റ്റ് മെസ്സേജുകളായും വോയിസ് മെസ്സേജുകളായും  ഗ്രൂപ്പിലേക്കു പ്രവഹിച്ചു തുന്നിച്ചേരാൻ തുടങ്ങി. പതിറ്റാണ്ടുകൾ പുറകിലേക്ക് സഞ്ചരിച്ചു അന്ന് കിട്ടിയ പിച്ചും നോവുകളൂം ഓർത്തെടുക്കുന്നതിനും, അന്നില്ലാതിരുന്ന, പിന്നീട് ജീവിത അനുഭവം പകർന്നു തന്ന ധൈര്യത്തോടെ, അത് സമ്മാനിച്ചവരെ തമാശ രൂപത്തിൽ ഓർമിപ്പിക്കുന്നതിനും ഈ വെർച്ചൽ ഗ്രൂപ്പ് സാക്ഷിയാകേണ്ടി വന്നു.


തുടർന്ന് ഫെബ്രുവരി 12 നു 1:00  മണിക്ക് മലപ്പുറം സിവിൽ സ്റ്റേഷൻ അടുത്തുള്ള ശാന്തിതീരം പാർക്കിൽ വാട്സാപ്പിന്റെ സഹായം ഇല്ലാതെ എല്ലാവരും കൂടി മീറ്റ്‌ ചെയ്യാൻ തീരുമാനിച്ചു .


2023 ഫെബ്രുവരി 12 

അതിരാവിലെ തന്നെ 'കുളിച്ചിട്ടു വന്നില്ലേൽ അടുത്തുള്ള പുഴയിൽ തള്ളിയിടും', 'പല്ലു തേച്ചിട്ടു വന്നാ മതി' തുടങ്ങിയ കുട്ടിത്തം നിറഞ്ഞ സന്ദേശങ്ങൾ ഗ്രൂപ്പിനെ  തഴുകിയെത്തി. ക്ലാസ് തുടങ്ങുന്നതിനു മുമ്പു 12 മണിയോടെ തന്നെ നസീറ, ശിഹാബ് കണ്ണാട്ടി, നസീമ എന്നിവർ ഞങ്ങളാണ് നല്ല  കുട്ടികൾ എന്ന് തെളിയിച്ചു കൊണ്ട് ശാന്തിതീരത്തു  അറ്റന്റൻസ് മാർക്ക് ചെയ്തു,  തുടർന്ന് ആദ്യ ഫോട്ടോ ഗ്രൂപ്പിൽ എത്തി.


അധികം താമസിയാതെ തന്നെ മിക്കവാറും എല്ലാവരും തങ്ങളുടെ സാന്നിധ്യം അറിയിച്ചു തുടങ്ങി, മറ്റുള്ളവർ ഉടനെ എത്തും എന്ന് വാട്സാപ്പ് ലൂടെ അറിയിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു. 


27  വര്ഷങ്ങള്ക്കു ശേഷം ഉള്ള ഈ കണ്ടുമുട്ടൽ, സംഘാടകരുടെ  ഒരു അജണ്ടക്കും നിയന്ത്രിക്കാൻ പറ്റുന്നതല്ലായിരുന്നു (സ്വാഗതം , പ്രാർത്ഥന, പ്രതിജ്ഞ, സുന്ദരിക്ക് പൊട്ടു കുത്തൽ എന്തൊക്കെ ആയിരുന്നു, വെറുതെ തിളച്ച സാംബാർ!!!) അഥവാ  മീറ്റ് അപ്  അതിന്റെ അജണ്ട നൈമിഷികമായി  സ്വയം നിര്ണയിക്കുകയായിരുന്നു.


പിന്നീടുള്ള നാലു മണിക്കൂർ ശാന്തിതീരം, രണ്ടര പതിറ്റാണ്ടു മുമ്പ് ഉള്ള സ്കൂൾ മുറ്റം ആയി പരിണമിച്ചു. 23 സഹപാഠികൾ അവരുടെ മക്കളുമൊന്നിച്ചു തുടർന്നുള്ള നാലു മണിക്കൂർ 27  വര്ഷം പിന്നോട്ട് പോയി പഴയ നാലാം ക്ലാസ് കാർ ആയും രൂപാന്തരം പ്രാപിച്ചു. പിന്നിട്ട വർഷങ്ങൾ പലരെയും തിരിച്ചു അറിയാൻ പറ്റാത്ത രീതിയിൽ മാറ്റിയിരുന്നു. വൈകി എത്തിയവരുടെ പ്രധാന കടമ്പ അവിടെ ഉള്ളവരുടെ പേര് വിളിക്കുക എന്നതായിരുന്നു, പരസഹായമില്ലാതെ! ഇതിനിടയിൽ കാലം രൂപാന്തരപ്പെടുത്തിയ മിനുസമുള്ള കഷണ്ടിയും ചാടിയ വയറും കറുപ്പിച്ച താടിയും ചായം പൂശിയ മുഖവും എല്ലാം  പല തവണ സംസാര വിഷയമായി ശാന്തി തീരത്തിന്റെ കാറ്റുകളിൽ ലയിച്ചു ചേർന്നു. 


സ്കൂൾ സമയത്തെ സ്കൂൾ വരാന്തയിൽ ഇരുന്നുള്ള ഭക്ഷണത്തെ മനസിൽ ധ്യാനിച്ച് കൊണ്ടു, പാർക്കിന്റെ തറയിൽ ഇരുന്നു കൊണ്ട് ഒരുമിച്ചു ഒരു ഉച്ച ഭക്ഷണം, ചോറും പയറും എന്നതിന് പകരം ബിരിയായണിയും ചിക്കെനും ആണെന്ന് മാത്രം. ഇതിനിടയിൽ പഴയ ആത്മാർത്ഥ സുഹൃത്തുക്കൾ തമ്മിൽ ഭക്ഷണം കൈ  കൊണ്ട് പരസ്പരം വാരി കൊടുക്ക്കുന്ന സൗഹൃദ കാഴ്ചകളും.


പിന്നെ ഐസ്ക്രീം വേണോ സിപ് അപ്പ് വേണോ എന്നുള്ള ഡിസ്കഷൻ, എന്തായാലും ഇവിടത്തെ പടവുകൾ കയറി മുകളിലേക്ക് പോകണം. സങ്കല്പത്തിൽ മാത്രമാണ് നാലാം ക്ലാസ്സിൽ എന്ന യാഥാർഥ്യം മനസ്സിലാക്കി  രണ്ടും വേണ്ട എന്ന തീരുമാനത്തിൽ വളരെ പെട്ടെന്ന് തന്നെ എത്തി.


ഇതിനിടയിൽ  ഗൃഹാതുരത്വം ഉണർത്തുന്ന പഴയകാല മിട്ടായികളുടെയും അച്ചാറുകളുടെയും മഹനീയ ശേഖരം തന്നെ എത്തി. പുളി  അച്ചാർ , നാരങ്ങാ മുട്ടായി, കറക്കുന്ന മിട്ടായി, മാങ്ങാ അച്ചാർ അങ്ങനെ പോകുന്നു. പിന്നെ നിസാം അങ്കിളും കൊച്ചു കുട്ടികളും  (ശെരിക്കും കുട്ടികൾ, സാങ്കല്പികം അല്ല) നിസാം അങ്കിൾ: 'നിങ്ങൾക്കൊക്കെ   വല്ലതും അറിയോ, മഞ്ചും കിറ്റ്കാറ്റും അല്ലാതെ, ഇതാണ് ശെരിക്കും ഉള്ള മുട്ടായി, ഇനി അങ്കിൾ കാണിച്ചു തരാം കറക്കുന്ന മിട്ടായി എങ്ങനെ കറക്കാം എന്ന്'.' ജീവിതത്തിൽ നന്നായി  കറക്കി ശീലം ഉള്ള നിസാം ഇവിടെയും അതിൽ വിജയിച്ചു.


പിന്നീടുള്ള കുറച്ചു സമയം പരസ്പരം സംസാരിച്ചും വൈകി വന്നവരെ വരവേറ്റും അന്താക്ഷരിയും ഒക്കെ ആയി കടന്നു പോയത് അറിഞ്ഞില്ല, കൂട്ടത്തിൽ സാജിദയുടെ മോട്ടിവേഷൻ ക്ലാസും! ഇതിനിടയിൽ യവ്വനം വീണ്ടെടുത്ത മുജീബ് പുറത്തു പോയി വെള്ളവും സെവൻ  അപ്പും ആയി വന്നു. അങ്ങനെ സെവൻ  അപ് ഇല്ലാതെ ആദ്യമായി ആണ് ബിരിയാണി കഴിക്കുന്നത് എന്ന ഷക്കീറയുടെ പരിഭവവും മാറ്റിയ്ക്കൊടുത്തു. 

 

അങ്ങനെ 5 മണിയോടെ പ്രോഗ്രാമിന്റെ പേര് ആലേഖനം ചെയ്‌ത കേക്ക് മുറിച്ചു പ്രോഗ്രാമിനു പരിസമാപ്തി കുറിച്ചു .


എല്ലാ തിരക്കുകളും ഒഴിവാക്കി ഒരുപാട് നല്ല നിമിഷങ്ങൾ സമ്മാനിച്ച പ്രിയപ്പെട്ട കൂട്ടുകാർക്കു പരസ്പരം നന്ദി പറഞ്ഞു ശാന്തിതീരത്തു തീർത്ത സൗഹൃദ തീരത്തു നിന്നും അവർ നടന്നകന്നു... ഈ നീണ്ട ഗാപ് ഇനി ഉണ്ടാകില്ലെന്നും വർഷത്തിൽ ഒരിക്കലെങ്കിലും നമ്മൾ വീണ്ടും ഒത്തു ചേരും എന്നും ഉറപ്പിച്ചു കൊണ്ട് .. തിരിച്ചു പൊള്ളുന്ന ജീവിത യാഥാർഥ്യങ്ങളിലേക്കു.. 


---ശുഭം---

നാസ് കോഡൂർ  

   









2 comments:

Unknown said...

Nice work👏👏. Best wishes dear🥰

Anonymous said...

Kidu.. 👍👏